Friday, May 10, 2019

ശാസ്ത്രജ്ഞന്മാര്‍, പരീക്ഷണങ്ങള്‍, കണ്ടെത്തലുകള്‍ (Scientists, Experiments, Findings)


ജെ.ജെ. തോസണ്‍ (1856-1940)
ജനനം : 18-12-1856
മരണം: 30-08-1940
ജെ.ജെ. തോസണ്‍ നടത്തിയ പരീക്ഷണങ്ങളാണ് ആറ്റത്തെക്കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്താനും പുതിയ ധാരണകള്‍ രൂപകല്പന ചെയ്യാനും ഇടയാക്കിയത്. ഡിസ്ചാര്‍ജ്ട്യൂബിലെ കാഥോഡില്‍ നിന്ന് വരുന്ന രശ്മികളില്‍ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളാണുള്ളതെന് അദ്ദേഹം തെളിയിച്ചു. ഈ കണങ്ങള്‍ക്ക് മാസും ഊര്‍ജവുമുണ്ടെന്നും വ്യക്തമാക്കി. ഏത് വാതകമെടുത്ത് ഡിസ്ചാര്‍ജ് നടത്തിയാലും അവയില്‍ നിന്നെല്ലാം ഒരേയിനം നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളുണ്ടാകുന്നതിനാല്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള പൊതുഘടകമാണിതെന്ന് സമര്‍ഥിച്ചു. ഇവ ആറ്റത്തേക്കാള്‍ സൂക്ഷ്മകണങ്ങളാണെന്നും, ആറ്റത്തിന്റെ ഭാഗമാണെന്നും തെളിയിച്ചു.
1897 ല്‍ ജെ.ജെ. തോസന്റെ കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രലോകം അംഗീകരിച്ചു. അതോടെ ആറ്റത്തെ വിഭജിക്കാനാകുമെന്ന് തെളിഞ്ഞു. ആറ്റത്തിലുള്ള നെഗറ്റീവ് ചാര്‍ജുള്ള ഈ കണമാണ് ഇലക്ട്രോണ്‍.
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് (1871-1937)
ജനനം: 30-08-1871
മരണം: 19-01-1937
ഇലക്ട്രോണിന്റെ കണ്ടെത്തലോടുകൂടി ആറ്റത്തിലെ മറ്റു കണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി. പദാര്‍ഥങ്ങളില്‍ പോസിറ്റീവ് ചാര്‍ജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും, ആധികാരികമായി തെളിയിച്ചത് റൂഥര്‍ഫോര്‍ഡാണ്. വളരെ നേര്‍ത്ത സ്വര്‍ണതകിടിലൂടെ പോസിറ്റീവ് ചാര്‍ജുള്ള ആല്‍ഫാ കണങ്ങള്‍ കടത്തിവിട്ടാണ് അദ്ദേഹം പരീക്ഷണം നടത്തിയത്. സ്വര്‍ണത്തകിടിലൂടെ പുറത്തുവരുന്ന ആല്‍ഫാ കണങ്ങള്‍ വൃത്താകൃതിയില്‍ ക്രമീകരിച്ച ഒരു ഫോട്ടോഗ്രാഫിക് ഫിലിമില്‍ പതിപ്പിച്ചു. (ചിത്രം 1.4A) ഇതിന്റെ നിരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്താണ് നിഗമനങ്ങള്‍ രൂപീകരിച്ചത്. ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നും പോസിറ്റീവ് ചാര്‍ജ് മുഴുവന്‍ കേന്ദ്രീകരിച്ച ഒരു ഭാഗമുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചു. ഈ കേന്ദ്രമാണ് ആറ്റത്തിന്റെ ന്യൂക്ലിയസ്. 1911-ല്‍ ആറ്റത്തില്‍ പോസിറ്റീവ് ചാര്‍ജുള്ള കേന്ദ്രമുണ്ടെന്നത് ശാസ്ത്രലോകം അംഗീകരിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 1920-ല്‍ പോസിറ്റീവ് ചാര്‍ജിന് കാരണമായ കണങ്ങള്‍ പ്രോട്ടോണ്‍ ആണെന്ന് തെളിയിക്കപ്പെട്ടു. ഇതിന്റെ ചാര്‍ജ് ഒരു ഇലക്ട്രോണിന്റെ ചാര്‍ജിനുതുല്യവും വിപരീതവുമാണെന്ന് കണ്ടെത്തി. പ്രോട്ടോണിന്റെ മാസ് ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ മാസിനു തുല്യമാണെന്നും നിര്‍ണയിച്ചു. അതോടൊപ്പം ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്തു.
(ചിത്രം 1.4A)
(ചിത്രം 1.4B)
ജെയിംസ് ചാഡ്‌വിക് (1891-1974)
ജനനം: 20-10-1891
മരണം : 24-07-1974
റൂഥര്‍ഫോര്‍ഡിന്റെ ശിക്ഷണത്തില്‍ പഠിക്കുകയും പരീക്ഷണങ്ങളിലേര്‍പ്പെടുകയും ചെയ്ത ജെയിംസ്
ചാഡ്‌വിക് 1932-ല്‍ ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്തതും എന്നാല്‍ പ്രോട്ടോണിനോളം മാസുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായ തെളിയിച്ചു. ചാര്‍ജില്ലാത്ത ഈ കണമാണ് ന്യൂട്രോണ്‍. മാസുള്ള കണങ്ങളായ പ്രോട്ടോണുകളും ന്യട്രോണുകളും ന്യൂക്ലിയസിലായതിനാല്‍ ഒരാറ്റത്തിന്റെ മാസ് മുഴുവന്‍ ന്യൂക്ലിയസില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

No comments:

Post a Comment